Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manmohan Banglow

മൻമോഹൻ ബംഗ്ലാവ് ഡ്രാക്കുള കോട്ടയോ? അന്ധവിശ്വാസം മാറ്റിയെഴുതാൻ ഒ.ജെ. ജനീഷ്

തിരുവനന്തപുരം: മന്ത്രി വാഴില്ലെന്ന് അന്ധവിശ്വാസം പ്രചരിക്കുന്ന മൻമോഹൻ ബംഗ്ലാവിൽ ധീരതയോടെ താമസിക്കാൻ യുവ മന്ത്രി ഒ.ജെ. ജനീഷ്.

കന്നി മത്സരത്തിൽ കൊടുങ്ങല്ലൂരിൽ നിന്നു വലിയ ഭൂരിപക്ഷത്തിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കൂടിയായ ജനീഷ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി പദവിയിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു ജനീഷിന് അവസരം ലഭിച്ചത്.

മന്ത്രിമാരുടെ ഔദ്യോഗിക വസതികളിൽ എന്നും ചർച്ചയായിക്കൊണ്ടിരുന്ന വസതിയാണ് മൻമോഹൻ ബംഗ്ലാവ്. ഇവിടെ താമസിക്കുന്ന മന്ത്രിമാർക്ക് കാലാവധി തികയ്ക്കാൻ സാധിക്കില്ലെന്നും പലവിധത്തിലുള്ള കഷ്ടനഷ്ടങ്ങളും സംഭവിക്കും എന്ന് ആശങ്കയും അന്ധവിശ്വാസവും നിലവിലുള്ളതിനാൽ മന്ത്രിമാരിൽ ഭൂരിഭാഗം പേരും താമസത്തിന് ഔദ്യോഗിക വസതിയായി മൻമോഹൻ ബംഗ്ലാവിനെ തെരഞ്ഞെടുക്കാറില്ലായിരുന്നു.

ഇത്തവണയും വസതി ആരും തെരഞ്ഞെടുക്കാൻ ഇല്ലാതിരുന്നപ്പോൾ ഒ.ജെ. ജനീഷ് തയാറാവുകയായിരുന്നു. മൻമോഹൻ ബംഗ്ലാവിന്‍റെ ചരിത്രത്തിൽ ഇവിടെ താമസിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ജനീഷാണ്.

പതിറ്റാണ്ടുകളായി മുതിർന്ന മന്ത്രിമാരാണ് മൻമോഹൻ ബംഗ്ലാവിൽ താമസിച്ചുവന്നിരുന്നത്. ശ്രീമൂലം തിരുനാളിന്‍റെ കാലഘട്ടത്തിൽ നിർമിച്ച ആഡംബര വസതിയാണ് മൻമോഹൻ ബംഗ്ലാവ്. ഈ വസതിയെ പിന്നീട് സർക്കാർ ഏറ്റെടുക്കുകയായിരുന്നു.

തിരുവിതാംകൂർ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന പി.എസ്. നടരാജപിള്ളയായിരുന്നു ഈ വസതിയിലെ ആദ്യ താമസക്കാരൻ പിന്നീട് അദ്ദേഹം മറ്റൊരു വസതിയിലേക്ക് താമസം മാറിയിരുന്നു. തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന എ.ജെ. ജോൺ കുറച്ചുകാലം ഈ വസതിയിൽ താമസിച്ചിരുന്നു. എന്നാൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് അദ്ദേഹം സ്ഥാനഭ്രഷ്ടനായി.

കെ. കരുണാകരൻ ആദ്യമായി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ഏറെ നാൾ ഇവിടെ താമസിച്ചിരുന്നു. എന്നാൽ രാജൻ കേസിന്‍റെ ആരോപണത്തിൽ അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടു. പിന്നീട് താമസത്തിന് എത്തിയ ആർ. ബാലകൃഷ്ണപിള്ളയ്ക്കും കാലാവധി പൂർത്തിയാക്കാൻ സാധിച്ചില്ല. പഞ്ചാബ് മോഡൽ പ്രസംഗത്തിന്‍റെ പേരിൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു.

വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഈ വസതിയിൽ താമസിച്ചിരുന്നു വലിയ തുക മുടക്കി വസതി മോടി പിടിപ്പിച്ചു എന്ന ആരോപണം അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.

പിന്നീട് താമസത്തിന് എത്തിയ പൊതുമരാമത്ത് മന്ത്രി ടി.യു. കുരുവിള. അദ്ദേഹത്തിനും അധികകാലം മന്ത്രിസ്ഥാനത്ത് തുടരാൻ സാധിച്ചിരുന്നില്ല. ഭൂമി ഇടപാട് ആരോപണത്തെ തുടർന്നു മന്ത്രിസ്ഥാനം നഷ്ടപ്പെടുകയായിരുന്നു. മോൻസ് ജോസഫും കുറച്ചുകാലം ഈ വസതിയിൽ താമസിച്ചിരുന്നു. എങ്കിലും അദ്ദേഹത്തിനും കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു.

അതേസമയം അഞ്ചുവർഷം കാലാവധി തികച്ച് മന്ത്രിസഭയിൽ തുടരുകയും മൻമോഹൻ ബംഗ്ലാവിൽ താമസിക്കുകയും ചെയ്ത മന്ത്രിമാരും ഉണ്ട്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന ആര്യാടൻ മുഹമ്മദ്, എൽഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങൾ ആയിരുന്ന തോമസ് ഐസക് ആന്‍റണി രാജു എന്നിവരും ഇവിടെ താമസിച്ചിരുന്നു. ആന്‍റണി രാജു രണ്ടര വർഷം താമസിച്ചു. അടിവസ്ത്ര വിവാദ കേസിൽ ആന്‍റണി രാജുവിനെ കോടതി ശിക്ഷിച്ചതോടെ അദ്ദേഹത്തിന് അയോഗ്യത നേരിടേണ്ടിവന്നു.

യുവജനക്ഷേമ വകുപ്പ് മന്ത്രിയായ ഒ.ജെ. ജനീഷ് പൂർണമനസോടെയാണ് താമസത്തിനായി ഈ വസതി തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ ജനീഷിന് സർക്കാർ അനുവദിച്ച ഔദ്യോഗിക വാഹനത്തിനറ രജിസ്ട്രേഷൻ നമ്പർ ഏറെ ചർച്ചയായിരുന്നു. 8308 എന്ന നമ്പരായിരുന്നു അദ്ദേഹത്തിന്‍റെ കാറിന്‍റെ രജിസ്ട്രേഷൻ നമ്പർ. 8308 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആയിരുന്നു കൊടുങ്ങല്ലൂരിൽ നിന്നും ജനീഷ് വിജയിച്ചത്.

Latest News

Corehub Up